കവിത രചന സുഗുണാ രാജൻ /ആലാപനം സജിത് പള്ളിപ്പുറം
HTML-код
- Опубликовано: 7 фев 2025
- ആത്മാവിന്റെ തീർത്ഥയാത്ര
മണികർണ്ണികാതീരം തേടിയെന്നാത്മാവ്
ഒരു നാളിലൊരു തീർത്ഥയാത്ര പോയി.
ഹിമശൃംഗസാനുവിൽ ശ്രീമഹാദേവന്റെ
പുണ്യസ്ഥലി കണ്ടു തൊഴുതു നിന്നു !
ആ വിശ്വഗുരുവിന്റെയാശ്രമ വാടിയിൽ
അവധൂതനായി ഞാൻ തപമിരുന്നു.
ഹിമബിന്ദു വീണു തുടിച്ചൊരെൻ മാനസം
ഓംകാരധ്വനി കേട്ടുദിച്ചുണർന്നു !
കാളീഘട്ടിന്റെ ദുർഘടവീഥിയും
ദേവപ്രയാഗയാം പുണ്യഭൂവും
കഠിനമാം യാത്രയിലാശ്വാസമായവൾ
ശാന്തസ്വരൂപിണീയളകനന്ദ;
വന്യഭാവത്തിൽ പതഞ്ഞൊഴുകീടുന്ന
ഭാഗീരഥിയിൽ ലയിച്ചുചേർന്നു;
സംഗമസ്ഥാനത്തിൻ പുണ്യംനുകർന്നു ഞാൻ
രുദ്രപ്രയാഗിൽ നമസ്കരിച്ചു !
ഹിമപാതമെത്തുന്നതിൻ മുമ്പ് ദർശനം
തുംഗനാഥൻ തന്റെ തിരുനടയിൽ
ദേവസ്ഥലിയുടെ ഉത്തുംഗശൃംഗത്തിൽ
മേഘരൂപത്തിലായ് കൈലാസനാഥൻ !
മാനുഷരെ പോലും ഹിമരൂപമാക്കുന്ന
അതിശൈത്യമാർന്നൊരു ബദരിപീഠം
സ്വർലോകമെ, ന്നൊരുവേള ശങ്കിച്ചു പോയി ഞാൻ
മാർക്കാണ്ഡേയ മല തൻ പവിത്രത !
ഈ വിശ്വദർശനം അതിമോഹനം
പ്രകൃതി തൻ സൗന്ദര്യ ലഹരി വീര്യം.
ഉയരുന്നു ഡമരുവിൻ താളമേളം
കാണുന്നു താണ്ഡവലാസ്യഭംഗി !
എൻ സിരാതന്തുവിൽ ആഴ്ന്നു തറച്ചൊരാ
ജന്മപാപത്തിന്റെ കൂരമ്പുകൾ.
ഗംഗോത്രിയെത്തഴുകിയൊഴുകുന്ന തെന്നലിൽ
പുണ്യമാം പൂക്കളായ് സുകൃതമായ് മാറുന്നു !
നാഡീജ്യോതിഷ ശാസ്ത്രസത്യം
പോയജന്മത്തിൻ രഹസ്യപ്പൊരുൾ തേടി
ബദരീനാഥന്റെ സവിധേയണഞ്ഞൊരു
തൃണസമമാമൊരു ചെറുകീടമിന്നു ഞാൻ !
കനൽകെടാചിത തന്റെ നോവിൻവിതുമ്പലും
പാതി വേവിൻ രൂക്ഷനരമാംസഗന്ധവും
ഗതി തേടിയലയുന്ന പുകവള്ളിച്ചുരുളുകൾ
മണികർണ്ണികാതീരം ചൂഴ്ന്നിറങ്ങുന്നുവോ !
കേശാദിപാദേ ചുടലഭസ്മം പൂശി
തീക്ഷ്ണമിഴികളിൽ വേദാന്തപ്പൊരുളുമായ്
ശാന്തസ്വരൂപകപാലധാരി, എങ്ങും
ദിഗംബരയോഗിയഘോരികളും !
കേദാർനാഥിലും തപ്തകുണ്ഠത്തിലും
ആത്മശാന്തിക്കായലഞ്ഞീടവേ
സാന്ധ്യതാരം പൂത്തിറങ്ങുന്ന പോലുള്ള
ഗംഗാരതി കണ്ടു സായൂജ്യമായ് !
സുഗുണാ രാജൻ പയ്യന്നൂർ
മനോഹരം ......👍👍👍👍❤️❤️❤️❤️
👍🙏