ഏറ്റുമാനൂർ സ്വദേശി രതീഷിന്റെ ഗാഗ് ഫ്രൂട്ട് കൃഷി

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഗാഗ് ഫ്രൂട്ട് മട്ടുപ്പാവിൽ കൃഷി ചെയ്ത് വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് ഏറ്റുമാനൂർ കാട്ടാത്തി സ്വദേശിയും പൊതുപ്രവർത്തകനുമായ രതീഷ് രത്നാകരൻ. ഒന്നരവർഷം മുമ്പ് രതീഷ് നട്ടുപിടിപ്പിച്ച ചെടികൾ നിറയെ ഇപ്പോൾ കായ്കളാണ്. ഔഷധഗുണങ്ങളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
    സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലും ഓസ്ട്രേലിയയിലുമൊക്കെ സുലഭമാണെങ്കിലും കേരളത്തിൽ അധികമാരും കൃഷി ചെയ്തിട്ടില്ലാത്ത ഒന്നാണ് ഗാഗ് ഫ്രൂട്ട്. ഔഷധങ്ങളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സഹായകരമായ നിരവധി ഗുണങ്ങൾ ഗാഗ് ഫ്രൂട്ടിനുണ്ട്. ഏറ്റുമാനൂർ കാട്ടാത്തി സ്വദേശിയായ പൊതുപ്രവർത്തകൻ രതീഷ് രത്നാകരൻ കൗതുകത്തിനായി ആരംഭിച്ച കൃഷി ഇപ്പോൾ വിജയം കണ്ടിരിക്കുകയാണ്. ഒന്നരവർഷം മുമ്പ് മൂവാറ്റുപുഴയിൽ നിന്നും വാങ്ങിയ 6 വിത്തുകളിൽ മൂന്നെണ്ണം മുളപ്പിച്ച് എടുത്തതാണ് ഇപ്പോൾ ഫലമണിഞ്ഞിരിക്കുന്നത്. ഇപ്പോൾ രതീഷിന്റെ വീടിന്റെ മട്ടുപ്പാവാകെ പടർന്ന പന്തലിച്ച് വീടിന് തണലും നൽകുകയാണ് ഗാഗ് ഫ്രൂട്ടിന്റെ വള്ളികൾ.
    വിത്തിട്ടാൽ മുളയ്ക്കാൻ ഒരു മാസത്തിലധികം സമയം എടുക്കും. എന്നാൽ കാര്യമായ പരിചരണം ഒന്നും ഈ ചെടികൾക്ക് ആവശ്യമില്ല. വളമായി ചാണകം മാത്രം മതി. പിന്നെ വേനൽക്കാലത്ത് നനച്ചു കൊടുക്കണം എന്ന് മാത്രം. പക്ഷേ കൃത്രിമമായി പരാഗണം നടത്തിയില്ലെങ്കിൽ ഉണ്ടാകുന്ന കായ്കൾ ചെറുതായിരിക്കും. ജാതി മരത്തിന്റെ പോലെ ആൺ പെൺ ചെടികൾ വെവ്വേറെയാണ് വളരുന്നത്. ആൺ ചെടികളിൽ വളരുന്ന പൂക്കൾ പറിച്ചെടുത്ത് കൃത്രിമമായി പരാഗണം നടത്തേണ്ടതുണ്ട്.
    ഇലകളും മൂപ്പെത്താത്ത കായ്കളും തോരൻ വയ്ക്കുന്നതിനും ഉപയോഗിക്കാം. പിഞ്ചായിരിക്കുമ്പോൾ പച്ച നിറത്തിലും മൂക്കുമ്പോൾ ഓറഞ്ച് നിറത്തിലേക്കും പഴുക്കുമ്പോൾ നല്ല ചുവന്ന നിറത്തിലേക്കും കായ്കൾ മാറും. നിറം കണ്ട് പറിച്ചെടുത്ത് അപ്പാടെ കഴിക്കാനാവില്ല. കായ നടുവേ മുറിച്ച് അതിനുള്ളിലെ കുരുക്കൾ നീക്കം ചെയ്ത് മാംസളമായ ഭാഗം മിക്സിയിൽ അടിച്ചെടുത്ത് ജ്യൂസ് ആക്കി വേണം കഴിക്കാൻ. മധുരം ചേർത്തില്ലെങ്കിൽ ചവർപ്പ് ചുവയുള്ള ഗാഗ് ഫ്രൂട്ട് ജ്യൂസ്‌ സാധാരണക്കാർക്ക് ഇഷ്ടപ്പെടാൻ സാധ്യത കുറവാണ്. ആവശ്യത്തിന് മധുരം ചേർത്താൽ തണ്ണിമത്തൻ ജ്യൂസിനോട് സാമ്യം തോന്നും. എങ്കിൽ പിന്നെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചാൽ പോരെ എന്ന് തോന്നിയാൽ തെറ്റി. ഗാഗ് ഫ്രൂട്ടിനുള്ള ഗുണങ്ങൾ ഒന്നും തണ്ണിമത്തന് ഇല്ല. മാങ്ങയുടെ വലിപ്പമുള്ള ഒറ്റ ഗാഗ് ഫ്രൂട്ടിൽ നിന്നും 30 ഗ്ലാസ് വരെ ജ്യൂസ് ഉണ്ടാക്കിയെടുക്കാൻ കഴിയും. വിളവെടുക്കാറായ ഒരു ഗാഗ് ഫ്രൂട്ട് മുക്കാൽ കിലോ വരെ തൂക്കം വരും. ഒരു പഴത്തിന് വിപണിയിൽ 1500 രൂപ വരെ വിലയുണ്ട്. ഗാഗ് ഫ്രൂട്ടിന്റെ കുരുവിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ലിറ്ററിന് ₹20,000 രൂപ വരെ വിലയുണ്ട് എന്നാണ് അറിയുന്നത്. ഏതായാലും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഗാഗ് ഫ്രൂട്ട് കൃഷി ഇനി വാണിജ്യ അടിസ്ഥാനത്തിൽ തന്നെ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് രതീഷ്.

Комментарии • 5